2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

എത്ര വെള്ളം കുടിക്കണം


അഴകും ആരോഗ്യവും കാത്തുസൂക്ഷിക്കാന്‍ ദിവസവും രണ്ടര ലിറ്ററെങ്കിലും വെള്ളം കുടിക്കണം

ജീവന്റെ അടിസ്ഥാനം തന്നെ ജലമാണ്. വെള്ളമില്ലാതെ രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാന്‍ കഴിയില്ല. സാധാരണ ഒരാളുടെ ശരീരത്തിന്റെ 60-70 ശതമാനം വരെ ജലാംശമാണ്. മസ്തിഷ്‌കകോശങ്ങളിലാകട്ടെ 80-85 ശതമാനം വരെയുണ്ട് ജലാംശം. രണ്ടു ദിവസത്തിലധികം ജലം കിട്ടാതിരുന്നാല്‍ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൊണ്ടു തന്നെ നമുക്ക് വിഷബാധയനുഭവപ്പെടും.

ശരീരത്തില്‍ജലാംശം കുറയുമ്പോളാണ് വൃക്കകളിലും മൂത്രാശയത്തിലുമൊക്കെ കല്ലുകള്‍ രൂപപ്പെടാന്‍ തുടങ്ങുന്നത്. ദഹനവും ഉപാപചയപ്രവര്‍ത്തനങ്ങളും ശരിയായി നടക്കണമെങ്കിലും ധാരാളം വെള്ളം കൂടിയേ തീരൂ. ശ്വാസോച്ഛ്വാസപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കണമെങ്കിലും ശരീരത്തില്‍ വേണ്ടത്ര ജലാംശമുണ്ടായിരിക്കണം. ശ്വാസോച്ഛ്വാസ പ്രക്രിയയിലൂടെ മാത്രം നിത്യവും 120 മില്ലിയോളം ജലം പുറത്തു പോകുന്നുണ്ട്.

എത്ര കുടിക്കണം

ശരീരത്തിന് വളരെയധികം ജലം ആവശ്യമായി വരുമ്പോഴാണ് തൊണ്ടയും വായും വരണ്ടു പോകുന്നത്. വായും തൊണ്ടയും അങ്ങനെ വരണ്ടു പോകുന്നതിനു മുമ്പു തന്നെ വേണ്ടത്ര വെള്ളം കുടിക്കുന്നത് ശീലമാക്കണം. മുതിര്‍ന്നയാളുകള്‍ ദിവസം എത്ര വെള്ളം കുടിക്കണം എന്നതിന് അമേരിക്കയിലെ ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചില കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. സാധാരണ തണുത്ത കാലാവസ്ഥയില്‍ താമസിക്കുന്ന ഒരാള്‍ ശരീരത്തിന്റെ ഓരോകിലോ തൂക്കത്തിനും ഓരോ ഔണ്‍സ് വെള്ളം കുടിക്കണമെന്നാണ് അവര്‍ കണക്കാക്കിയിട്ടുള്ളത്. അതനുസരിച്ച് 60 കിലോ തൂക്കമുള്ളയാള്‍ 1.8 ലിറ്റര്‍ വെള്ളം കുടിക്കണം. നമ്മുടേത് ചൂടു കൂടിയ കാലാവസ്ഥയായതിനാല്‍ അര ലിറ്റര്‍ വെള്ളം കൂടുതലായി കുടിക്കണം. അങ്ങനെ വരുമ്പോള്‍ ഏതാണ്ട് 2.3 ലിറ്ററോളം വെള്ളം നിത്യവും കുടിക്കേണ്ടതാണ്. തടിയും തൂക്കവും കൂടുതലുള്ളവര്‍ വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണം.

എപ്പോള്‍ കുടിക്കണം

ആഹാരം കഴിക്കുന്നതിനു മുമ്പാണോ ശേഷമാണോ വെള്ളം കുടിക്കേണ്ടത് എന്നതിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. ആഹാരത്തിനു മുമ്പ് വെള്ളം കുടിച്ചാല്‍ മെലിയും, ആഹാരത്തിനൊപ്പം കുടിച്ചാല്‍ അതേ ശരീരനില തുടരും, ആഹാരത്തിനു ശേഷം കുടിച്ചാല്‍ തടിക്കും എന്നൊരു കാഴ്ചപ്പാട് ആയുര്‍വേദത്തിലുണ്ട്. ആഹാരത്തിനു മുമ്പ് വെള്ളം കുടിക്കുമ്പോള്‍ ഭക്ഷണത്തിന്റെ അളവു കുറയും എന്നതാണ് മെലിയാന്‍ കാരണം. കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ അതു കഴിഞ്ഞ് കുറച്ചു വെള്ളം കുടിക്കാന്‍ തോന്നും. ഭക്ഷണം നിയന്ത്രിക്കണമെന്നുള്ളവര്‍ ആഹാരത്തിനു മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു ശീലിക്കുന്നത് നല്ലതാണ്. മിക്കവര്‍ക്കും ആഹാരത്തിനൊപ്പം സ്വാഭാവികമായും വെള്ളം കുടിക്കേണ്ടി വരാറുണ്ട്. വെള്ളം എപ്പോള്‍ കുടിക്കണമെന്നതിന് നിയമമൊന്നുമില്ല. എപ്പോഴാണോ വെള്ളം കുടിക്കാന്‍ തോന്നുന്നത് അപ്പൊഴൊക്കെ കുടിക്കാം.

പഴയ പല നാടന്‍ ആരോഗ്യസമ്പ്രദായങ്ങളിലും നിര്‍ദേശിക്കുന്ന ഒന്നാണ് രാവിലെ ഉണര്‍ന്നാലുടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക എന്നത്. ജപ്പാനില്‍ ഇത്തരത്തിലൊരു ജലചികില്‍സാ രീതി തന്നെയുണ്ട്. രാവിലെ എഴുന്നേറ്റാലുടന്‍ വായും മുഖവും വൃത്തിയാക്കി 650 മില്ലി വെള്ളം കുടിക്കുകയാണ് ഈ ചികില്‍സാ രീതിയില്‍ പ്രധാനം. ശുദ്ധമായ പച്ചവെള്ളമാണ് കുടിക്കേണ്ടത്. തുടര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ കഴിക്കണം. വെള്ളം കുടിച്ച് 45 മിനുട്ട്കഴിഞ്ഞേ പിന്നീട് എന്തെങ്കിലും കഴിക്കാവൂ. ഭക്ഷണം കഴിച്ച് 15 മിനുട്ട് കഴിഞ്ഞാല്‍ പിന്നീട് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കരുത്. വെള്ളവും കുടിക്കരുത്. തുടക്കത്തില്‍ ഒറ്റയടിക്ക് 650 മില്ലി വെള്ളം കുടിക്കാന്‍ കഴിയാത്തവര്‍ കുറേശ്ശെയായി അളവ് വര്‍ധിപ്പിച്ചു കൊണ്ടു വന്ന് ഇത്രയും വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ മതി.

ഇതിനൊപ്പം പഥ്യമനുസരിച്ചുള്ള ഭക്ഷണവും കഴിച്ചാല്‍ കാന്‍സറുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ പോലും ഭേദമാക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. ഈ ചിട്ട 30 ദിവസം തുടര്‍ന്നാല്‍ ബി.പി. നോര്‍മലിലേക്കു കുറയുമത്രെ. ജലചികില്‍സാ സമ്പ്രദായത്തിന് രോഗം ഭേദമാക്കാനുള്ള ശേഷിയെക്കുറിച്ച് സംശയങ്ങളുണ്ടാകാം. എന്നാല്‍ ശരീരത്തെ ആരോഗ്യപൂര്‍ണമായി പരിപാലിക്കുന്നതിന് ഈ സമ്പ്രദായം വളരെയധികം ഫലപ്രദമാണെന്ന് ജപ്പാനില്‍ നടന്ന ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കുറച്ചു തവണ മൂത്രമൊഴിക്കേണ്ടിവരും എന്നല്ലാതെ ഈ ചികില്‍സയ്ക്ക് ഏതായാലും മറ്റു പാര്‍ശ്വഫലങ്ങളോ അധികച്ചെലവോ ഇല്ല. കുടിക്കുന്നത് നല്ല വെള്ളമായിരിക്കണമെന്നു മാത്രം.

വെള്ളം
കുടിച്ചാല്‍ ഒന്നും കഴിക്കില്ലെന്നു പറഞ്ഞ് അമ്മമാര്‍ കുട്ടികളെ വെള്ളംകുടിയില്‍ നിന്നു വിലക്കാറുണ്ട്. ഇതു ശരിയല്ല. കുട്ടികള്‍ക്ക് വളരെയധികം വെള്ളം വേണ്ടതാണ്. ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കൊടുക്കാതിരുന്നാല്‍ മതി. ചൂടുകാലത്ത് മുതിര്‍ന്നവര്‍ക്കുണ്ടാകുന്നതിനെക്കാള്‍ ജലനഷ്ടം കുട്ടികള്‍ക്കുണ്ടാകും. അതിനാല്‍ അവര്‍ക്ക് വേണ്ടത്ര ശുദ്ധജലം നല്‍കണം. കുട്ടികള്‍ക്ക് കുടിക്കാന്‍ ലെമണ്‍, നന്നാറി തുടങ്ങിയവയുടെ സത്തോ തേനോ ചേര്‍ത്ത വെള്ളം മാറിമാറി നല്‍കാവുന്നതാണ്.

വെള്ളം കുടിച്ചില്ലെങ്കിലോ?

ദഹനവ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ വേണ്ടത്ര ജലാംശം കൂടിയേ തീരൂ. ആഹാരം തൊണ്ടയില്‍ നിന്ന് ഇറങ്ങിപ്പോകണമെങ്കില്‍പ്പോലും നമുക്കു വെള്ളം കുടിക്കേണ്ടി വരാറുണ്ടല്ലോ. ദഹനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും ദഹിച്ച ആഹാരഘടകങ്ങളെ ശരീരത്തിലേക്ക് സ്വാംശീകരിക്കണമെങ്കിലും വേണ്ടത്ര ജലാംശം കൂടിയേ തീരൂ. കുടലുകളുടെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കണമെങ്കിലും വിസര്‍ജനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കണമെങ്കിലും ശരീരത്തില്‍ വേണ്ടത്ര ജലാംശമുണ്ടായിരിക്കണം. മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും കാരണം ശരീരത്തില്‍ വേണ്ടത്ര വെള്ളമില്ലാതെ വരുന്നതാണ്.

പലപ്പോഴും നമുക്കനുഭവപ്പെടുന്ന ക്ഷീണത്തിന്റെയും തളര്‍ച്ചയുടെയും കാരണം ശരീരത്തിലെ ജലാംശമില്ലായ്മയാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മൂഡ്് ഓഫായിരിക്കുന്നതിനു പിന്നിലും ജലാംശത്തിന്റെ കുറവ് ഉണ്ടായേക്കാം. പലപ്പോഴും ഇത്തരം മൂഡ്ഓഫുകള്‍ വിഷാദരോഗത്തിലേക്കു വരെ എത്തിച്ചേര്‍ന്നെന്നും വരാം. അതിനാല്‍, ക്ഷീണമോ തളര്‍ച്ചയോ മടുപ്പോ തോന്നുമ്പോള്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് എല്ലാത്തരത്തിലും ആശ്വാസകരമായിരിക്കും.

ചര്‍മത്തിന് അഴകും ആരോഗ്യവുമുണ്ടാവണമെങ്കിലും വേണ്ടത്ര വെള്ളം കുടിക്കണം. ചര്‍മത്തിലെ സ്‌നിഗ്ധത നിലനിര്‍ത്തുന്നതിനും സ്വേദഗ്രന്ഥികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ചര്‍മപാളിക്കടിയിലെ കൊഴുപ്പ് ആരോഗ്യകരമായി പരിപാലിക്കുന്നതിനും ശരീരത്തില്‍ വേണ്ടത്ര വെള്ളം കൂടിയേ തീരൂ. മുഖക്കുരു പോലുള്ള ചര്‍മപ്രശ്‌നങ്ങളുണ്ടാകുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്നാണ് ജലാംശക്കുറവ്. മുടിക്ക് അഴകും ആരോഗ്യവുമുണ്ടാകണമെങ്കിലും വേണ്ടത്ര വെള്ളം കുടിക്കുന്ന ശീലം ആവശ്യമാണ്.

അതിനിടെ, ഒരളവിലധികം വെള്ളം കുടിക്കുന്നത് ആരോഗ്യകരമല്ല എന്ന വാദവുമായി 2007-2008ല്‍ ഏതാനും ശാസ്ത്രജ്ഞര്‍ രംഗത്തു വന്നിരുന്നു. വൃക്കകള്‍, ആമാശയം, കുടലുകള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് അമിത ജോലിഭാരമാകും എന്നും ഇങ്ങനെ അമിതജോലി ചെയ്യേണ്ടിവരുന്നത് ആന്തരാവയവങ്ങളുടെ ആരോഗ്യത്തെയും ആയുസ്സിനെയും ബാധിക്കും എന്നുമായിരുന്നു ശാസ്ത്രജ്ഞരുടെ വാദം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഈ വാദം ശാസ് ത്രലോകം തള്ളിക്കളയുകയാണുണ്ടായത്. ആന്താരവയവങ്ങളെ അപകടത്തിലാക്കും വിധം വെള്ളം കുടിക്കാന്‍ എളുപ്പമല്ലെന്നതാണ് വസ്തുത.

ഭക്ഷണം കുറച്ച് ശരീരം മെലിയാന്‍ വേണ്ടി വെള്ളം മാത്രം കുടിക്കുന്നവരും ഭക്ഷണം കഴിക്കാനില്ലാതെ വെള്ളം മാത്രം കുടിച്ചു കഴിയേണ്ടിവരുന്നവരും ആപത്തിലാകുന്നത് മറ്റു പല ആരോഗ്യപ്രശ്‌നങ്ങളും മൂലമാണ്. വെള്ളം കുടിച്ച് വൃക്കകളെ തോല്‍പ്പിക്കാന്‍ എളുപ്പമല്ലെന്നര്‍ഥം. കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലം കൊണ്ട് ആരു രോഗികളാകാറില്ല. വേണ്ടത്ര വെള്ളം കുടിക്കാത്തതാണ് അസ്വസ്ഥതകള്‍ക്കു കാരണം.

ശരീരം ചൂടായിരിക്കുമ്പോള്‍ അധികം തണുത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല. എന്നുകരുതി ചൂടുവെള്ളം കുടിക്കേണ്ടതില്ല. ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ച വെള്ളം വേണ്ട എന്നു മാത്രം.

കേരളീയര്‍ പൊതുവേ ഇളംചൂടുള്ളവെള്ളം കൂടിക്കുന്നവരാണ്. ചില ഹോട്ടലുകളില്‍ ലഭിക്കുന്നതും ചൂടു വിട്ടുമാറാത്ത് കുടിവെള്ളമായിരിക്കും. വെള്ളം ചൂടാക്കി കുടിച്ച് അണുബാധയൊഴിവാക്കണമെന്ന ജാഗ്രതയാണ് ഇതിനു കാരണം.

അധികം ചൂടോ അധികം തണുപ്പോ ഇല്ലാത്തവെള്ളം കുടിക്കുന്നതാണ് നല്ലത്. അണുബാധയൊഴിവാക്കാനായി തിളപ്പിക്കുന്ന വെള്ളം നന്നായി തണുത്തിട്ടേ കുടിക്കാവൂ.

വേനല്‍ക്കാലത്ത് ചുക്കും മല്ലിയും ചേര്‍ത്തു തിളപ്പിച്ച് നന്നായി ആറിയ വെള്ളം കുടിക്കുന്നതാണ് നല്ലത്.

ജീരകവെള്ളം തണുപ്പുകാലത്തും മഴക്കാലത്തുമാണ് നല്ലത്.

മൂത്രാശയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് തഴുതാമയിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്.

രക്താതിമര്‍ദമുള്ളവര്‍ ചെറിയ പഞ്ചമൂലം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.


അവലംബം:
മാതൃഭൂമി ആരോഗ്യമാസിക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ