2010, ജനുവരി 25, തിങ്കളാഴ്‌ച

മാധ്യമം

പെണ്‍കടലായി സഫാനഗര്‍; വനിതാസമ്മേളനം ഐതിഹാസികം

Monday, January 25, 2010
സഫാനഗര്‍ (കുറ്റിപ്പുറം): സഹസ്രാബ്ദങ്ങള്‍ക്കപ്പുറം മക്കയിലെ സഫാകുന്നില്‍ ദാഹജലം തേടിയലഞ്ഞ ഹാജറയുടെ വിശുദ്ധകനവുകളാവാഹിച്ച് നിത്യസത്യത്തിന്റെയും ശാക്തീകരണത്തിന്റെയും പുണ്യതീര്‍ഥം തേടി നിളാതീരത്തെ സഫാനഗറിലേക്ക് കൂലംകുത്തിയൊഴുകിയ പെണ്‍പതിനായിരങ്ങള്‍ തീര്‍ത്ത  മഹാസാഗരം കേരള വനിതാസമ്മേളനത്തെ സ്ത്രീമുന്നേറ്റചരിത്രത്തിലെ ഐതിഹാസിക അനുഭവമാക്കി. കുറ്റിപ്പുറത്തിനടുത്ത പുഴനമ്പ്രത്തെ നിളാ മണല്‍പ്പരപ്പില്‍ പരന്നൊഴുകിയ പെണ്‍കടലലകളെ സാക്ഷിനിര്‍ത്തി ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച വനിതാ സമ്മേളനം ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകയും ബ്രിട്ടനിലെ 'റെസ്പെക്ട്' പാര്‍ട്ടി നേതാവുമായ യിവോണ്‍ റിഡ്ലി  ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് വീഡിയോകോണ്‍ഫറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത റിഡ്ലിയുടെ വാക്കുകള്‍ സ്ത്രീലക്ഷങ്ങള്‍ ആവേശപൂര്‍വമാണ് ഏറ്റുവാങ്ങിയത്.  
'സാമൂഹികവിപ്ലവത്തിന് സ്ത്രീശക്തി' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച സമ്മേളനം കേരളത്തിലെ വനിതാസംഘാടന ചരിത്രത്തിലെ നാഴികക്കല്ലായി മാറി. മാസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച നേരം പുലര്‍ന്നതോടെ തന്നെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സ്ത്രീകളുടെ പ്രവാഹം ആരംഭിച്ചുകഴിഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വാഹനങ്ങള്‍ കുറ്റിപ്പുറത്തേക്കു നീങ്ങിയതോടെ ഉച്ചയോടുകൂടി തൃശൂര്‍^കോഴിക്കോട് ദേശീയപാത പ്രതിനിധിവാഹനങ്ങളെ ഉള്‍ക്കൊള്ളാനാവാതെ വീര്‍പ്പുമുട്ടി. വളണ്ടിയര്‍മാരും സംഘടനാപ്രവര്‍ത്തകരും പലയിടത്തും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രംഗത്തിറങ്ങി. സമ്മേളനത്തിനെത്തുന്നവരെ സ്വാഗതം ചെയ്യാന്‍ വഴിയിലുടനീളം ശനിയാഴ്ച രാത്രി മുതല്‍ തന്നെ സന്നദ്ധപ്രവര്‍ത്തകരെ വിന്യസിച്ചിരുന്നു.
വൈകുന്നേരം നാലുമണിക്ക് സമ്മേളനനടപടികള്‍ ആരംഭിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാനപ്രസിഡന്റ് കെ.കെ. ഫാത്തിമസുഹ്റ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് പി.വി. റഹ്മാബി സമ്മേളനപ്രമേയം വിശദീകരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തി. പ്രചാരവേലകള്‍ അവഗണിച്ചുള്ള സ്ത്രീമുന്നേറ്റം കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയരംഗത്തെ പുതിയ ശുഭസൂചനയാണെന്നും മാറിവരുന്ന രാഷ്ട്രീയസാഹചര്യത്തില്‍ ഈ സംഘടിതശക്തിയെ ക്രിയാത്മകമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ജമാഅത്തെ ഇസ്ലാമി പ്രതിജ്ഞാബദ്ധമാണെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. വൈകുന്നേരം നഗരിയില്‍ സ്ത്രീലക്ഷങ്ങള്‍ അണിനിരന്ന സംഘടിത നമസ്കാരം നടന്നു. സമ്മേളനത്തിന്റെ ഭാഗമായി അമ്പതുലക്ഷത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ഗാന്ധിജിയുടെ നാട്ടിലേക്ക് വിസ നിഷേധിച്ചത് ദുരൂഹം- യിവോണ്‍ റിഡ്ലി

Monday, January 25, 2010
സഫനഗര്‍ (കുറ്റിപ്പുറം): ഗാന്ധിജിയുടെ നാട്ടിലേക്ക് പ്രവേശം നിഷേധിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പ്രശസ്ത ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യിവോണ്‍ റിഡ്ലി. കുറ്റിപ്പുറം സ്വഫനഗറില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച കേരള വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യാ ഗവണ്‍മെന്റ് വിസ നിഷേധിച്ചതിനാല്‍ ലണ്ടനിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം.

ആത്മീയ^ഭൌതിക മേഖലകളില്‍ മുസ്ലിം സ്ത്രീകള്‍ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഒരു ശക്തിക്കും തടയാനാകാത്ത വിധം പെണ്‍കരുത്ത് വളര്‍ന്നു വരികയാണെന്നും റിഡ്ലി അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ അവരവരുടെ ശക്തി തിരിച്ചറിഞ്ഞ് കര്‍മ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങണം. ഫലസ്തീനിലേക്ക് നടന്ന ഗാസ മാര്‍ച്ചില്‍ നിരവധി സ്ത്രീകളെ അണിനിരത്താന്‍ താന്‍ മുന്നിലുണ്ടായിരുന്നു. സാമ്രാജ്യത്വ ഭീഷണി ലോകം മുഴുവന്‍ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയാന്‍ സ്ത്രീകള്‍ സംഘടിതമായി മുന്നോട്ടു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എ. റഹ്മത്തുന്നീസ പ്രസംഗം പരിഭാഷപ്പെടുത്തി.

ഈ നൂറ്റാണ്ട് ഇസ്ലാമിന്റെ ഉണര്‍വിന്റെ കാലമാണെന്നും മുസ്ലിം സ്ത്രീകള്‍ ഉണര്‍ന്നു കഴിഞ്ഞുവെന്നതിന്റെ തെളിവാണ് സമ്മേളനത്തിലെ വര്‍ധിച്ച സ്ത്രീ പങ്കാളിത്തമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ഇസ്ലാമിനെ കുറിച്ചാണ്. എന്നാല്‍ അതിന്റെ വക്താക്കളെ ഭീകരവാദികളും തീവ്രവാദികളുമാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സാമ്രാജ്യത്വ ശക്തികളാണ് ഇതിന് പിന്നില്‍. അവര്‍ പ്രചരിപ്പിക്കുന്ന മുഖമല്ല ഇസ്ലാമിന്റേത് എന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീസംവരണം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് കെ.കെ. ഫാത്തിമ സുഹറ പറഞ്ഞു. കച്ചവട തന്ത്രങ്ങള്‍ക്കും ഉപഭോഗ സംസ്കാരത്തിനും എതിരെ സ്വന്തം സംസ്കാരം ഉയര്‍ത്തിപ്പിടിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുസ്ലിം സ്ത്രീകളെ ചൂഷണം ചെയ്യാന്‍ വ്യക്തി നിയമം മറയാക്കുന്ന തല്‍പര കക്ഷികള്‍ക്കെതിരെ സമുദായ നേതൃത്വം ജാഗരൂകമാകണം. ദുരുപയോഗങ്ങള്‍ക്ക് പഴുതില്ലാത്ത വിധം വ്യക്തി നിയമം ഭദ്രമായ രീതിയില്‍ പുനഃക്രോഡീകരിക്കാന്‍ പണ്ഡിതന്‍മാര്‍ രംഗത്ത് വരണം. കുടുംബത്തോടുള്ള ബാധ്യതയില്‍ നിന്ന് മാറി നില്‍ക്കാതെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ സ്ത്രീകള്‍ രംഗത്ത് വരണമെന്നും അവര്‍ പറഞ്ഞു.

സംവരണം കൂടുതല്‍ അര്‍ഥവത്താക്കി മാറ്റുന്നതിന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ഉപസംവരണം ഏര്‍പ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും ആത്മാവിനും ചൈതന്യത്തിനുമൊത്ത് ഇസ്ലാമിന്റെ നൈതിക മനുഷ്യാവകാശ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ മുസ്ലിം വ്യക്തി നിയമം പുനഃക്രോഡീകരിക്കണം. വിവാഹത്തോടനുബന്ധിച്ച് നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വരണം. സ്വന്തം മകനിലൂടെയും സഹോദരനിലൂടെയും കര്‍മ മാതൃകകള്‍ സൃഷ്ടിച്ച് സ്ത്രീധന വിരുദ്ധ പോരാട്ടത്തില്‍ പങ്കുചേരണെന്നും മറ്റ് രണ്ട് പ്രമേയങ്ങളില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗങ്ങളായ എച്ച്. നുസ്റത്ത്, പ്യാരിജാന്‍, പി.സുബൈദ എന്നിവര്‍ പ്രമേയങ്ങളവതരിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം അഖിലേന്ത്യാ പ്രസിഡന്റ് അത്വിയ്യ സിദ്ധീഖി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. റഹ്മാബി, സല്‍മാ യാഖൂബ്, പാര്‍വതി പവനന്‍, വനിതാ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന സമിതി അംഗങ്ങളായ കെ.കെ. സഫിയ ശറഫിയ്യ, സൌദ പടന്ന, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ.കെ. റഹീന തുടങ്ങിയവര്‍ സംസാരിച്ചു. റസ്ലി ചേന്ദമംഗല്ലൂര്‍ ഖിറാഅത്ത് നടത്തി. സംസ്ഥാന സെക്രട്ടറി ആര്‍.സി. സാബിറ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഇ.സി. ആയിഷ സമാപന പ്രസംഗം നടത്തി