2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

കാക്കാം കൃഷ്ണമണിപോലെ


പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനമാണ് കണ്ണുകള്‍. അതുകൊണ്ടുതന്നെയാണ് മനുഷ്യന്‍ കാഴ്ചശക്തിയെക്കുറിച്ച് ഏറ്റവും വ്യാകുലനാകുന്നത്. കവി വില്യം ബ്ലേക്ക് കണ്ണുകളെ വിശേഷിപ്പിക്കുന്നത് ആത്മാവിന്റെ വാതായനങ്ങളെന്നാണ്.

പോഷകങ്ങളുടെ പ്രാധാന്യം

കണ്ണുകളുടെ സംരക്ഷണത്തില്‍ പോഷകാഹാരങ്ങളുടെ പങ്ക് അതിപ്രധാനമാണ്. വിറ്റാമിന്‍ എ കണ്ണുകളുടെ ചങ്ങാതി എന്ന വിശേഷണത്തിന് അര്‍ഹതയുള്ള പോഷകമാണ്. നിശാന്ധതയാണ് വിറ്റമിന്‍ എയുടെ കുറവുകൊണ്ടുണ്ടാകുന്ന പ്രധാനരോഗം. പച്ചക്കറികളില്‍ കാരറ്റിലാണ് ഈ പോഷകം കൂടുതല്‍ അടങ്ങിയിരിക്കുന്നത്. വിറ്റമിന്‍ എയുടെ കുറവ് രൂക്ഷമാകുമ്പോള്‍ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന മറ്റൊരു രോഗമാണ് സെറോഫ്താല്‍മിയ(തവി്്യസറസമാൗഹമ). കണ്ണുകളിലെ ജലാംശം വറ്റുന്നതാണ് ഇതിന്റെ സ്വഭാവം. ഇത് കണ്ണുകളിലേക്ക് വെളിച്ചത്തെ കടത്തിവിടുന്ന സുതാര്യമായ പടലം-കോര്‍ണിയയെ ബാധിക്കും. കോര്‍ണിയയും വരണ്ടതാകുന്നതോടെ അന്ധതയ്ക്കുള്ള സാധ്യതയേറുന്നു. വികസ്വരരാജ്യങ്ങളിലെ 30ലക്ഷം കുട്ടികള്‍ പ്രതിവര്‍ഷം ഈ രോഗത്തിന് കീഴ്‌പ്പെടുന്നുവെന്നാണ് കണക്ക്. ഇവരില്‍ 10 ശതമാനത്തോളം സ്ഥിരമായി അന്ധരാകുന്നു.

നിരോക്‌സീകാരി(മൃറഹ്ന്ദഹലവൃറ)കളാണ് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ പോഷകങ്ങളില്‍ വേറൊന്ന്. വാര്‍ധക്യമെത്തുമ്പോഴുള്ള നേത്രരോഗങ്ങളെ ഒരു പരിധിവരെ ചെറുക്കാന്‍ ഇവയ്ക്ക് കഴിയും. ഓക്‌സീകരണം കൊണ്ടുള്ള കോശാപചയത്തെ പ്രതിരോധിക്കുകവഴിയാണ് നിരോക്‌സീകാരികള്‍ ഈ ധര്‍മം നിര്‍വഹിക്കുന്നത്് (കോശത്തിന്റെ ദൈനംദിനപ്രവര്‍ത്തനത്തിന്റെ ഭാഗംതന്നെയാണ് ഓക്‌സീകരണം. ഉദാഹരണമായി മുറിച്ചുവെച്ച ആപ്പിള്‍ കഷ്ണത്തിന്റെ നിറം മാറി തവിട്ട് നിറമാകുന്നത് ഓക്‌സീകരണത്താലാണ്.)

പ്രായമേറുമ്പോള്‍ കൃഷ്ണമണിക്കുണ്ടാകുന്ന അനാരോഗ്യം(മഷവ ിവാമറവല ൗമരുാമി ലവഷവൃവിമറഹ്ൃഎങഒ) ചെറുക്കാന്‍ സഹായിക്കുന്നവയാണ് വിറ്റമിന്‍ എ യും സിങ്കും. നിരോക്‌സീകാരികളായ വിറ്റമിനുകളും സിങ്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ എ.എം.ഡി വരാനുള്ള സാധ്യത 25ശതമാനം തടയാമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

അപകടങ്ങള്‍ വഴിയുണ്ടാകുന്ന ക്ഷതങ്ങള്‍

കുട്ടികളില്‍ കളികള്‍ക്കിടയില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍ കാഴ്ചശക്തിയെ ബാധിക്കുന്നു. മതിയായ സുരക്ഷാസംവിധാനങ്ങളും ശ്രദ്ധയും കൊണ്ടുമാത്രമേ ഇത് തടയാന്‍ കഴിയൂ.

ജോലിസ്ഥലത്തും യാത്രയിലും കണ്ണുകളുടെ സുരക്ഷിതത്വം മുഖ്യപരിഗണനയാകണം. ഹാനികരമായ പ്രകാശമോ വികിരണമോ വരാന്‍ സാധ്യതയുള്ള തൊഴിലിടങ്ങളില്‍ മതിയായ നേത്രകവചം ധരിക്കണം. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഉചിതമായ
കണ്ണടകള്‍ ഉപയോഗിക്കണം.

കണ്ണുകളുടെ അമിതാധ്വാനം

ദീര്‍ഘനേരമുള്ള വായന, തുന്നല്‍, കമ്പ്യൂട്ടര്‍ ഉപയോഗം തുടങ്ങിയവ കണ്ണുകളെ ക്ഷീണിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ കണ്ണുകള്‍ക്കു ചുറ്റുമുള്ള പേശികളെയാണ് അവ തളര്‍ത്തുന്നത്. കണ്ണുകള്‍ക്ക് വിശ്രമം നല്‍കുകയാണ് ഇതിന് പരിഹാരം. കണ്ണുകള്‍ കുറേനേരം അടച്ചുവെക്കുക, വിദൂരതയിലേക്ക് ഒന്നിലും കേന്ദ്രീകരിക്കാതെ നോക്കുക തുടങ്ങിയവ കണ്ണുകളുടെ ആയാസമകറ്റും. മതിയായ വെളിച്ചത്തില്‍ എഴുതുകയും വായിക്കുകയും ചെയ്യുകയാണ് ഏറ്റവും പ്രധാനം.

തുടര്‍ച്ചയായി കണ്ണുകള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും സാധാരണമാര്‍ഗങ്ങളിലൊന്നും അത് പരിഹരിക്കപ്പെടാതെ പോവുകയും ചെയ്യുകയാണെങ്കില്‍ അത് മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണങ്ങളാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു നേത്രരോഗവിദഗ്ധന്റെ ഉപദേശം തേടുകയാണ് വേണ്ടത്.

പ്രമേഹരോഗികളുടെ നേത്രപരിചരണം

പ്രമേഹരോഗമുള്ളവര്‍ കണ്ണുകളുടെ പരിചരണത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. ഇത്തരക്കാരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി. റെറ്റിനയ്ക്കു കുറുകെ അസ്വാഭാവികമായി രക്തക്കുഴലുകള്‍ വളരുന്നതാണ് ഇവിടെ സംഭവിക്കുന്നത്. റെറ്റിനയ്ക്ക് കേടുണ്ടാക്കി പൂര്‍ണമായ അന്ധതയിലേക്ക് നയിക്കാന്‍ ഇത് കാരണമായേക്കും. പ്രമേഹരോഗികളില്‍ മൂന്നിലൊന്നുപേര്‍ക്ക് ഈ രോഗം കണ്ടുവരുന്നു.ഭക്ഷണം, വ്യായാമം എന്നിവയിലൂടെ പ്രമേഹം നിയന്ത്രിക്കുകയാണ് ഡയബെറ്റിക് റെറ്റിനോപ്പതി വരാതിരിക്കാന്‍ ചെയ്യേണ്ടത്.

കണ്ണു പരിശോധന

സ്വാഭാവികമായും പ്രകടമായ അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍മാത്രമേ മിക്കവാറും പേരും നേത്രരോഗവിദഗ്ധനെ സമീപിക്കാറുള്ളൂ. എന്നാല്‍, 40നും 65നുമിടയില്‍ പ്രായമുള്ളവര്‍ നാലുവര്‍ഷത്തിനിടയില്‍ ഒരിക്കലെങ്കിലും കണ്ണുപരിശോധന നടത്തേണ്ടതാണ്. നേത്രരോഗങ്ങളുടെ പാരമ്പര്യം കുടുംബത്തിലാര്‍ക്കെങ്കിലുമുണ്ടെങ്കില്‍ പ്രത്യേക ശ്രദ്ധവേണം.
കണ്ണുസംരക്ഷണത്തിന്
ആറു മാര്‍ഗങ്ങള്‍

1.നല്ല പ്രകാശത്തില്‍മാത്രം വായിക്കുക
2.മങ്ങിയ വെളിച്ചത്തില്‍ ടി.വി.കാണാതിരിക്കുക.
3.കണ്ണടകളുണ്ടെങ്കില്‍ എഴുതാനും വായിക്കാനും ടി.വി.കാണാനും നിര്‍ബന്ധമായും ഉപയോഗിക്കുക
4.കമ്പ്യൂട്ടറിന് ആന്റിഗ്ലെയര്‍ ഫില്‍റ്റര്‍ ഉപയോഗിക്കുക.
5.മോണിറ്ററിന്റെ നില കണ്ണുകളുടെ സ്ഥാനത്തിന് അല്പം താഴെയായിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു പുസ്തകം വായിക്കുന്നതിനേക്കാള്‍ സ്‌ക്രീനുമായി അകലം പാലിക്കുക
6.കണ്ണിന് ആയാസമുണ്ടാകുന്ന ജോലിയാണെങ്കില്‍ ഇടയ്ക്കിടെ കണ്ണിന് ചെറിയൊരു വിശ്രമം നല്‍കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ