2010, ഏപ്രിൽ 6, ചൊവ്വാഴ്ച

ഡിസംബര്‍ 11ന് എസ്.ഐ.ഒ സംസ്ഥാന സമ്മേളനം മൂന്ന് സ്ഥലങ്ങളില്‍ കോഴിക്കോട്: എസ്.ഐ.ഒവിന്റെ സംസ്ഥാന സമ്മേളനം ഡിസംബര്‍ 11ന് തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ഒരേസമയം നടക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് സ്ഥലങ്ങളില്‍ ഒരേസമയം നടക്കുന്ന സംസ്ഥന സമ്മേളനം എന്ന ഏറ്റവും പുതിയ രീതി ഇതിലൂടെ കേരളത്തിന് എസ്.ഐ.ഒ പരിചയപ്പെടുത്തും. ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടായിരിക്കും മൂന്ന് സ്ഥലങ്ങളിലും ഒരേസമയം സമ്മേളനം സംഘടിപ്പിക്കുന്നത്. ഏറെ സര്‍ഗാത്മകമായ സംഭാവനകള്‍ കേരളീയസമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും നല്‍കിയ ഈ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മറ്റൊരു അതുല്യമായ സംഭാവനയായിരിക്കും ഈ അപൂര്‍വ്വ ശൈലിയിലുള്ള അതിന്റെ സമ്മേളനം. കോഴിക്കോട് കടപ്പുറത്തും തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ മൈതാനത്തും തിരുവനന്തപുരം ചന്ദ്രശേഖര്‍ സ്റേഡിയവുമായിരിക്കും കേരളത്തിലെ വിദ്യാര്‍ഥികളുടെ ചരിത്ര സംഗമത്തിന് സാക്ഷിയാവുക. മൂന്ന് സ്ഥലങ്ങളിലായി നടക്കുന്ന വിദ്യാര്‍ഥി റാലികളില്‍ അമ്പതിനായിരം പേരും സമ്മേളനത്തില്‍ ഒരുലക്ഷം പേരും പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഖ്യാഥിതി തിരുവനന്തപുരത്തു നിന്നും ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ കോഴിക്കോട് നിന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് തൃശൂരില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനങ്ങളെ ഒരേസമയം അഭിസംബോധന ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ ക്രമത്തെ സമഗ്രമായി വിലയിരുത്തുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന എജ്യുക്കേഷന്‍ കോണ്‍ഗ്രസ്, കാമ്പസുകളില്‍ രൂപപ്പെടുന്ന നവരാഷ്ട്രീയ പ്രവണതകളെ പരിചയപ്പെടുത്തുന്ന സംഗമം, സംസ്ഥാന കാമ്പസ് ജാഥ, മാഗസിന്‍ പ്രകാശനം, മെഡിക്കല്‍ പൊതുവേദി പ്രഖ്യാപനം, ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്വല്‍, ഷോര്‍ട്ട് ഫിലിം പ്രകാശനം, ഗാന കാസറ്റ് പ്രകാശനം, ടീന്‍സ്മീറ്റ്, ഹയര്‍സെക്കണ്ടറി കോണ്‍ഫറന്‍സ്, വെബ്പോര്‍ട്ടല്‍ പ്രകശനം, ദലിത് വിദ്യാര്‍ഥി ഐക്യദാര്‍ഢ്യ സമ്മേളനം, സെമിനാറുകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കര്‍മശേഷിയും ജനകീയ ഫണ്ടും ഉപയോഗിച്ചുള്ള 25 ലക്ഷം രൂപയുടെ സേവന പദ്ധതികള്‍ക്ക് മന്ത്രി എം.എ ബേബി തുടക്കം കുറിച്ചതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ